
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പീയുഷ് ഗോയല്‍
ലുധിയാന: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്ത് .ദേശ്മുഖ് മുംബൈ ഭീകരാക്രമണ സമയത്ത് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ഗോയല്‍ ആരോപിച്ചു.
ബോളിവുഡ് സിനിമയില്‍ മകന് അവസരം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു ദേശ്മുഖെന്നും ഗോയല്‍ വെളിപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയില്‍ ശനിയാഴ്ച വ്യാപാരി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗോയല്‍.
”ഞാന്‍ മുംബൈയില്‍നിന്നാണ്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും 26/11 മുംബൈ ഭീകരാക്രമണം. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദുര്‍ബലവും ഒന്നും ചെയ്യാന്‍ സാധിക്കാത്തതുമായിരുന്നു. ഒബ്റോയി ഹോട്ടലിനുള്ളില്‍ വെടിവെപ്പും ബോംബ് വര്‍ഷവും നടക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി(വിലാസ് റാവു ദേശ്മുഖ്) ഒരു സിനിമാനിര്മാതാവിനെയും കൂട്ടി ഹോട്ടലിനു പുറത്തെത്തി. അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നത് മകന് സിനിമയില്‍ ഒരു വേഷം കിട്ടുന്നതിനെപറ്റിയായിരുന്നു .- ഗോയല്‍ വെളിപ്പെടുത്തി . ബോളിവുഡ് നടന് റിതേഷ് ദേശ്മുഖാണ് വിലാസ് റാവു ദേശ്മുഖിന്റെ മകന്.