Breaking News
Home / Health / കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍

കണിക്കൊന്നയുടെ ഔഷധഗുണങ്ങള്‍

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു വൃക്ഷമാണ് കണിക്കൊന്ന. തണല്‍മരമായും അലങ്കാരവൃക്ഷമായും ശോഭിക്കുന്ന ഈ മരം ഏതാണ്ട് 10-15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇലകള്‍ പൊഴിയുകയും മാര്‍ച്ച് ആരംഭത്തോടുകൂടി മനോഹരമായ സ്വര്‍ണപ്പൂങ്കുലകള്‍ സസ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ആയുര്‍വേദ ശാസ്ത്രപ്രകാരം കണിക്കൊന്ന ത്വഗ് രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.

ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വക് രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. സ്‌നിഗ്ധാംശത്തോടുകൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും.